കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ.പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.
ദ്വാരപാലക ശില്പ കേസില്‍ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹനാണെന്നു കാട്ടി കഴിഞ്ഞ ദിവസം ജാമ്യഹർജി നല്‍കിയിരുന്നു.
ഇന്നലെ വാദം കേട്ട കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് ഇന്നു വിധി പറയാന്‍ മാറ്റി. കട്ടിളപ്പാളി കേസില്‍ പത്മകുമാറിന് നേരത്തേ സ്വാഭാവിക ജാമ്യം കിട്ടിയിരുന്നു. എന്നാല്‍, ദ്വാരപാലക കേസില്‍ പ്രതിയായതിനാല്‍ ജയില്‍മോചിതനായിരുന്നില്ല. ഇന്നു ഈ കേസില്‍ക്കൂടി സ്വാഭാവിക ജാമ്യം ലഭിച്ചാൽ പത്മകുമാറിനു പുറത്തിറങ്ങാന്‍ സാധിക്കും.
അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹനാണെന്നും അത് അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍, ജാമ്യം അനുവദിക്കുമെങ്കില്‍ അതു മറ്റ് പ്രതികള്‍ക്കു നല്കിയതുപോലെ കര്‍ശന ഉപാധികളോടെ ആയിരിക്കണമെന്നു പ്രേസിക്യൂഷനും വാദിച്ചു. ജാമ്യം അനുവദിച്ചാൽ കര്‍ശന ഉപാധികളോടെയായിരിക്കും കോടതി ജാമ്യം അനുവദിക്കാൻ സാധ്യത.